ഒക്ടോബർ 2018ൽ അവസാനിക്കുന്ന പത്തുമാസകാലയളവിനുള്ളിൽ മൊത്തം 15016 ഇന്ത്യക്കാർക്ക് കനേഡിയൻ പൗരത്വം ലഭിച്ചു എന്ന് കനേഡിയൻ അധികാരികളെ ഉദ്ധരിച്ചു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അതായത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ കനേഡിയൻ പൗരത്വം ലഭിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ 50% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞവർഷം ഇതേ കാലയളവിനുള്ളിൽ കനേഡിയൻ പൗരത്വം ലഭിച്ച ഇന്ത്യക്കാരുടെ എണ്ണം 9992 ആയിരുന്നു.
എമിഗ്രെഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ് കാനഡയുടെ(IRCC) കണക്കുപ്രകാരം ഒക്ടോബർ 2018 നുള്ളിൽ ഏകദേശം 1.53 ലക്ഷം ആളുകൾ കനേഡിയൻ പൗരത്വം നേടിയിട്ടുണ്ടാകും. 2017ൽ ഇതേ കാലയളവിനുള്ളിൽ കനേഡിയൻ പൗരത്വം നേടിയവരുടെ എണ്ണം 1.08 ലക്ഷം ആയിരുന്നു. 2018മായി താരതമ്യം ചെയ്യുമ്പോൾ പൗരത്വം നേടിയവരുടെ എണ്ണത്തിൽ 40% കുറവാണ് ഇത് സൂചിപ്പിക്കുന്നത്.
2018ൽ കനേഡിയൻ പൗരത്വത്തിനപേക്ഷിച്ചവരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്. ഫിലിപ്പീൻസുകാർക്കാണ് ഒന്നാം സ്ഥാനം. 15642 ഫിലിപ്പീൻസുകാരാണ് 2018ൽ കനേഡിയൻ പൗരന്മാരായത്.
കനേഡിയൻ പൗരത്വനിയമത്തിൽ വന്ന മാറ്റങ്ങൾ
കാനഡയിലെ സ്ഥിരതാമസക്കാരുമായി(permanent residents) താരതമ്യം ചെയ്യുമ്പോൾ കനേഡിയൻ പൗരന്മാർക്ക് ഒട്ടനവധി ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. വോട്ട് ചെയ്യാനുള്ള അവകാശം, ഗവൺമെൻറ് ജോലിക്കുള്ള അർഹത, കൂടുതൽ സഞ്ചാരസ്വാതന്ത്ര്യം എന്നിവ അവയിൽ ചിലതുമാത്രമാണ്. 2017 ഒക്ടോബറിൽ നടപ്പിൽ വരുത്തിയ കനേഡിയൻ പൗരത്വനിയമത്തിലെ ചില മാറ്റങ്ങളാണ് കൂടുതൽ ഇന്ത്യക്കാർ കനേഡിയൻ പൗരത്വത്തിനു അർഹത നേടുവാൻ ഉണ്ടായ ഒരു പ്രധാനകാരണം.
മുൻപ് കാനഡയിൽ സ്ഥിരതാമസക്കാരനായ ഒരാൾക്ക് കനേഡിയൻ പൗരത്വത്തിനു അർഹത നേടണമെങ്കിൽ ആറുവർഷത്തിനുള്ളിൽ നാലുവർഷമെങ്കിലും കാനഡയിൽ ഉണ്ടായിരുന്നിരിക്കണം എന്നായിരുന്നു നിയമം. എന്നാൽ 2017 ഒക്ടോബറിൽ ഇത് അഞ്ചുവർഷങ്ങൾക്കുള്ളിൽ മൂന്നുവർഷം എന്നാക്കി കുറച്ചു. ഈ മാറ്റങ്ങൾ നിലവിൽ വന്നതിനുശേഷം 2017 ഒക്ടോബറിനും 2018 ജൂണിനും ഇടക്ക് 2.42 ലക്ഷം പൗരത്വത്തിനായുള്ള അപേക്ഷകളാണ് IRCCക്ക് ലഭിച്ചത്. മുൻ വർഷത്തെ സമാനകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഇരട്ടിയിലധികമാണ്.
സ്ഥിരതാമസക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം
2017ൽ 51651 ഇന്ത്യക്കാരാണ് കാനഡയിൽ സ്ഥിരതാമസത്തിനു അർഹത നേടിയത്. ഇതോടെ കനേഡിയൻ സ്ഥിരതാമസക്കാരിൽ(permanent residents) ഏറ്റവുമധികം പേർ ഇന്ത്യയിൽ നിന്നുള്ളവരായി. കാനഡയിൽ സ്ഥിരതാമസത്തിനു അർഹത നേടിയവരിൽ ഏകദേശം 18% വരും ഇന്ത്യക്കാർ. രണ്ടാം സ്ഥാനം ഫിലിപ്പീൻസിനും (40857) മൂന്നാം സ്ഥാനം ചൈനക്കുമാണ് (30270). മൊത്തം 2.86 ലക്ഷം പേർക്ക് 2017ൽ പിആർ വിസ ലഭിച്ചു എന്നാണ് 2018ലെ പാർലമെന്റിലേക്കുള്ള വാര്ഷികകുടിയേറ്റ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
അർഹരായ കുടിയേറ്റക്കാരുടെ എണ്ണം വരും വർഷങ്ങളിൽ വർദ്ധിപ്പിക്കുവാനാണ് കാനഡ പദ്ധതിയിട്ടിരിക്കുന്നത്. നിങ്ങൾ കാനഡയിലേക്ക് കുടിയേറുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതൊരു സുവർണാവസരമാണ്. ഏതുതരം സഹായത്തിനും ഞങ്ങളെ സമീപിക്കാം.