കാനഡ കുടിയേറ്റമോ ഉപരിപഠനമോ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?
കാനഡയുടെ നിലവിലെ 2021-2023 കാലഘട്ടത്തിലേക്കുള്ള കുടിയേറ്റപദ്ധതി അനുസരിച്ച് 2021ല്‍ 401000 പുതിയ കുടിയേറ്റക്കാരെയാണ് രാജ്യം സ്വാഗതം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. 2023-ഓടെ ഏകദേശം 1.2 ദശലക്ഷം പുതിയ കുടിയേറ്റക്കാര്‍ കാനഡയില്‍ സ്ഥിരതാമസമാക്കും എന്നും കണക്കാക്കപ്പെടുന്നു. ഇവരില്‍ ഒരു വലിയ വിഭാഗം കുടിയേറ്റക്കാര്‍, ഏകദേശം 60 ശതമാനത്തോളം പേര്‍, കാനഡയുടെ സാമ്പത്തിക കുടിയേറ്റ മാര്‍ഗ്ഗങ്ങളായ എക്സ്പ്രസ് എന്‍ട്രി വഴിയും പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍ വഴിയുമായിരിക്കും ഇവിടേക്ക് കുടിയേറുക.
എക്സ്പ്രസ് എന്‍ട്രി, പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം
എക്സ്പ്രസ് എന്‍ട്രി വഴി പ്രതിവര്‍ഷം ഏകദേശം 1,00,000 പേര്‍ കാനഡയിലെത്തും. കാനഡയിലേക്കുള്ള വിദഗ്ധതൊഴിലാളികളുടെ കുടിയേറ്റപ്രക്രിയ ലളിതവും വേഗമേറിയതുമാക്കുക എന്നതാണ് എക്സ്പ്രസ് എന്‍ട്രിയുടെ ലക്ഷ്യം. ഏറ്റവും ജനപ്രിയമായ കാനഡ കുടിയേറ്റമാര്‍ഗ്ഗങ്ങളില്‍ ഒന്നുകൂടിയാണ് എക്സ്പ്രസ് എൻട്രി. എന്നാൽ താരതമ്യേന ഉയർന്ന മാനദണ്ഡങ്ങളാണ് ഈ പ്രോഗ്രാമിനുള്ളത് എന്നതുകൊണ്ടുതന്നെ പലർക്കും ഈ മാർഗ്ഗത്തിലൂടെ കാനഡയിൽ സ്ഥിരതാമസം നേടാൻ സാധിക്കാറില്ല. ഇത്തരക്കാർക്ക് അവരുടെ കാനഡാ സ്വപ്നം യാഥാർഥ്യമാക്കാൻ ഏറ്റവും നല്ല മാർഗ്ഗം പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാമുകൾ ആണ്. കാനഡയിലെ ഓരോ പ്രൊവിൻസിനും പ്രത്യേകം പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാമുകൾ ഉണ്ട്. കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ഇഷ്ടപ്പെട്ട പ്രൊവിൻസിൻറെ നോമിനീ പ്രോഗ്രാം വഴി കുടിയേറ്റത്തിന് അപേക്ഷിക്കാം. പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍ വഴി പ്രതിവര്‍ഷം 80000 പേരെ സ്വാഗതം ചെയ്യുവാനാണ് കാനഡ ലക്ഷ്യമിടുന്നത്. എക്സ്പ്രസ്സ് എൻട്രി ഡ്രോകളിൽ പരിഗണിക്കപ്പെടാൻ ആവശ്യമായ അത്രയും കോമ്പ്രഹെൻസീവ് റാങ്കിങ് സിസ്റ്റം സ്‌കോർ(കുടിയേറുവാൻ ആഗ്രഹിക്കുന്നവരുടെ യോഗ്യതകൾ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അളക്കുന്നതിനുള്ള സംവിധാനം) ആവശ്യമില്ല എന്നതാണ് ഇവയുടെ ഏറ്റവും വലിയ ഗുണം.
പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം വഴി ഓരോ പ്രൊവിൻസും അവരുടെ സാമ്പത്തികപുരോഗതിക്കു സഹായകമായ തരത്തിലുള്ള തൊഴിൽവൈദഗ്ധ്യം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവയുള്ള വിദേശതൊഴിലാളികളെ കാനഡയിൽ സ്ഥിരതാമസത്തിന് ശുപാർശ ചെയ്യുന്നു. ഓരോ പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാമിനും വ്യത്യസ്ത മാനദണ്ഡങ്ങൾ ആണുള്ളത്. അതുപോലെ വിദഗ്ധ തൊഴിലാളികൾ, കുടുംബാംഗങ്ങൾ, കാനഡയിൽ പഠിച്ച വിദേശവിദ്യാർത്ഥികൾ, ബിസിനസ്സുകാർ ഇവർക്കെല്ലാം വെവ്വേറെ സ്ട്രീമുകളും കാറ്റഗറികളും ഉണ്ട്.